ഈ അടുത്ത കാലത്തു മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ആത്മഹത്യകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു , കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു . അവരെല്ലാവരും നല്ല വിദ്യാസമ്പന്നരും , അതുകുടെ കേൾക്കുമ്പോളാണ് നമ്മുടെ സമൂഹത്തിനു എന്ത് പറ്റി എന്ന് ചിന്തിക്കേണ്ടത്
ഈ പെൺകുട്ടികൾക്ക് ആത്മഹത്യ മാത്രമേ പരിഹാരമായി കണ്ടുള്ളു ?
എന്താണ് ഈ സമൂഹത്തിനു പറ്റിയത് ? സ്ത്രീ ധനം നിരോധിച്ച സംസ്ഥാനമാണ് നമ്മുടേത് , പക്ഷെ നിർബാധം ഈ പ്രക്രിയ തുടരുന്നു , കൊടുക്കുന്നവരും വാങ്ങുന്നവരും കുറ്റക്കാരാണ് എന്നിരിക്കെ ഈ വിപത്തും തുടരുന്നത് എങ്ങനെയാണു? ഇത് കൈക്കൂലിയുടെ കാര്യം പോലെ തന്നെ യാണ് , കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്, പക്ഷെ ആ പ്രക്രിയ അനുസ്യുതം നടക്കുന്നുഅപ്പോൾ ഈ സ്ത്രീധനം എന്ന ദുരവസ്ഥ മാറാൻ പോകുന്നില്ല
അപ്പോൾ ചോദിക്കാം പെൺകുട്ടിക് ഒന്നും കൊടുക്കണ്ടേയെന്നു ,അവർക്കു അവകാശമുണ്ട് , കൊടുക്കണം , പക്ഷെ അത് ഒരിക്കലും മരുമകനോ അവരുടെ കുടുംബത്തിനോ ദുരുപയോഗം ചെയ്യാൻ പറ്റുന്ന രീതിയിൽ ആവരുത് ,
പലരും മകൾ ജീവിച്ചു പോകട്ടെ , അവൾക്കൊന്നും വരരുത് എന്നുകരുതി പറയുന്നതെല്ലാം മരുമക്കൾക്കു കൊടുക്കുന്നു , പോരാതെ വരുമ്പോൾ പാമ്പിനെ വിട്ടു കടിപ്പിക്കാനുള്ള കുബ്‌ദുധി തോന്നുന്നത് പെൺകുട്ടിയുടെ വീട്ടുകാർ കറവ പശുക്കളെ പോലെ ആകുമ്പോളാണ്. ഈ രീതിയിൽ വാങ്ങുന്ന പണത്തിനു ആയുസുണ്ടാകുമോ ? ഒരു മനുഷ്യജീവന് വിലയില്ലേ ? കരയുവാനും ചവിട്ടുകൊള്ളുവാനും മാത്രമാണോ സ്ത്രീ ജന്മം
അപ്പോൾ ചോദിക്കാം പെൺകുട്ടിയുടെ വീട്ടിൽ മോശമായ സാമ്പത്തികമാണെങ്കിൽ എന്തുചെയ്യും , അതിനാണ് പെൺകുട്ടിക്ക് സ്വന്തം കാലിൽ നില്കാനാവശ്യമായ ജോലി വേണ്ടത്,
സ്ത്രീകൾ അബലകൾ അല്ല : അങ്ങനെ ആരെങ്കിലും കരുതുന്നുണ്ട് എങ്കിൽ തെറ്റാണു , എവറസ്റ്റ് കീഴടക്കിയത് മുതൽ ബഹിരാകാശം വരെ എത്തി നിൽക്കുന്നു അവരുടെ കഴിവുകൾ, സർക്കാർ ഉദ്യോഗങ്ങളിലും ആതുര സേവന രംഗത്തും എല്ലാം അവർ മുൻപന്തിയിലാണ്, അപ്പോൾ അവർക്കു കഴിവില്ലാത്തതല്ല കാരണം, സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക അതാണ് ഇന്നിന്റെ ആവശ്യം
സ്വന്തം കാലിൽ പെൺകുട്ടികളെ നില്ക്കാൻ പ്രാപ്തയ്ക്കുക എന്നുള്ളതാണ് ഒരു രക്ഷാകർത്താവിനു ചെയ്യാവുന്ന ഏറ്റവും നല്ല മാർഗം , തന്നെയല്ല കെട്ടിച്ചയച്ചു കഴിഞ്ഞാൽ ഉത്തരവാദിത്തം തീർന്നു എന്ന് കരുതരുത് , സിറ്റുവേഷൻ മോശമാണ് എന്നറിഞ്ഞാൽ പിന്നെ തിരികെ വീട്ടിലേക്കോ അതുമല്ലങ്കിൽ പറ്റുന്നവർക്കു വേറൊരു വീടോ തരപ്പെടുത്തി താമസം ആകാവുന്നതാണ് , പെൺകുട്ടികൾക്ക് കൊടുക്കുന്ന വീതം (സ്ത്രീധനം അല്ല) അതിനുവേണ്ടി ഉപയോഗിക്കട്ടെ , മരുമകന്റെ കടം വീട്ടാൻ കൊടുക്കുമ്പോളാണ് പ്രശ്നം കൂടുന്നത് ,അതിന്റെ പേരിൽ പീഡിപ്പിക്കുന്നു അന്ന് മനസിലാക്കിയാൽ, മകളെ തിരികെ വിളിക്കുക തന്നെ വേണം , ഒരു ഡിവോഴ്സിനും അത്ര ബുദ്ധിമുട്ടു ഈ കാലത്തു ഉണ്ടാകും എന്ന് തോന്നുന്നില്ല , ഒരു പാട് വിധേയത്വം ചെന്ന് കയറുന്ന വീടിനോടു തോന്നുമ്പോളാണ് , എത്ര പ്രശ്നമായാലും പിടിച്ചു നിൽക്കാം എന്ന് പെൺകുട്ടികൾ കരുതുന്നത് ,
അതിഭൗതികതയുടെ അതിപ്രസരംമൂലം ജോലിയെടുക്കാതെ എങ്ങനെ പണം കണ്ടെത്തി അടിച്ചുപൊളിച്ചു ജീവിക്കാം എന്ന് പലരും ചിന്തിക്കുമ്പോളാണ് ഇത്തരം പല പ്രശ്നങ്ങളിലും ചെന്നെത്തുന്നത് . സ്വന്തം അപ്പന്റെയും അമ്മയുടെയും സ്വത്തു മകൾക്കു അവകാശമുണ്ട് , പക്ഷെ അത് ശരിയായ രീതിയിൽ വേണം കൈമാറാൻ. ആർത്തി മുത്ത് നടക്കുന്ന അമ്മോശൻമാർക്കും വാഴപ്പിണ്ടി മരുമോനും വേണ്ടിയാവരുത് .
19 വയസു മാത്രം പ്രായമുള്ള കുട്ടി , അവളുടെ ജാതകത്തിൽ ഈ പ്രായം കഴിഞ്ഞാൽ കല്യാണം താമസിക്കും എന്ന് അതുകൊണ്ടു നേരത്തെ നടത്തി. എന്തുകൊണ്ടാണ് ജാതകത്തിൽ കുട്ടി ഈ പ്രായത്തിൽ മരണപ്പെടും ‘കല്യാണം’ നടത്തിയാൽ എന്ന് ജ്യോതിഷത്തിനു കണ്ടെത്താൻ സാധിക്കാത്തതു ? അപ്പോൾ അതിൽ എന്തോ പിശകുണ്ട് , അതിലേക്കു ഞാൻ കൂടുതൽ കടക്കുന്നില്ല, അത് പലരുടെയും വിശ്വാസങ്ങൾക്ക് എതിരാവും
പല പ്രശ്നനങ്ങളിലും അമ്മോശൻമാരുടെ റോൾ വളരെ കുറവായി കണ്ടു , പല കേസിലും അമ്മായിഅമ്മമാരാണ് വില്ലത്തികൾ ആവുന്നത്, കൂടെ മകനും
പ്രശ്നം മകന് അമ്മയെ വേണോ അല്ലങ്കിൽ ഭാര്യയെ വേണോ എന്നുള്ള ചോദ്യം വരുമ്പോളാണ് , “പത്തുമാസം ചുമന്നു നൊന്തു നിന്നെ പ്രസവിച്ചു വളർത്തി വലുതാക്കിയ ഈ അമ്മയോട് വേണം നീ ഇങ്ങനെ പെരുമാറാന്” എന്ന സൂപ്പർ ഡയലോഗ് ‘അമ്മ വച്ച് കാച്ചുന്നു , അതോടെ മകന്റെ കാറ്റുപോകും സംശയമില്ല , അവർ പറയുന്നത് ശരിതന്നെയാണ് , പക്ഷെ അതിനു വന്നുകയറിയ മരുമകളുടെ ജീവിതം ബലീ നൽകേണ്ട ആവശ്യമില്ല , തക്ക സമയത്തു നല്ല സ്റ്റാൻഡ് ആൺകുട്ടികൾക്ക് എടുക്കുവാൻ സാധിക്കണം. ഒരു അബലയായ കുട്ടിയല്ല ഈ വീട്ടിൽ വന്നിരിക്കുന്നത് , വിവേകവും അറിവും ഉള്ള കുട്ടിയാണെന്നും , ഈ കുടുംബത്തിന്റെ ഭാഗമാണെന്നും ഇനി നമ്മുടെ ഉയർച്ചക്കും താഴ്ചക്കും ഇവൾകുടി കാരണകാരിയാവുമെന്നും മകന് ഉത്തമബോധ്യം ഉണ്ടാവണം, തെറ്റ് കാണുമ്പോൾ പറഞ്ഞുകൊടുക്കാൻ അമ്മോശനും മടികാണിക്കരുത് .
പെൺകുട്ടികളെ നിങ്ങള്ക്ക് ഒരുപാടു പ്രശ്നങ്ങൾ കാണും , നിങ്ങളുടെ അമ്മയോടോ അപ്പനോടോ അത് പങ്കു വക്കുക , ആത്മഹത്യ ഒന്നിനും പരിഹാരമല്ല , നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുമ്പോൾ മറ്റനേകം പേര് ആ ദുരിതവും പേറി ജീവിക്കേണ്ടി വരുന്നു , അനേകം പരിഹാരം ഒരു പ്രശ്നത്തിന് കണ്ടെത്തുവാൻ സാധിക്കും.
ആരും അടിമകളല്ല , ഇവിടെ നിയമങ്ങളുണ്ട്
പ്രശ്നം പരിഹരിക്കുവാൻ പറ്റുന്ന വിദഗ്ധരുണ്ട് , അവരെ കാണുവാൻ ശ്രമിക്കുക … വീണ്ടും ഓർമിപ്പിക്കട്ടെ … ആത്മഹത്യ ഒന്നിനുമുള്ള പരിഹാരമല്ല