ചന്നം പിന്നം പൊഴിയുന്നു മഴ
ചാറി ചാറി പെയ്യുന്നു മഴ
ചിന്നി ചിതറി തെറിക്കുന്നു മഴ
ചിരിതൂകും സുന്ദരി ഈ മഴ
കൊടും ചൂടിൽ സാന്ത്വനം മഴ
കുളിരേകും ഉണർവേകും മഴ
കണ്ണുനീർ തുള്ളിപോൽ വീഴും മഴ
കണ്ണുകൾക്കാനന്ദം ഈ മഴ
വെള്ളമില്ലാതെ വരണ്ട ഭൂമിയിൽ
വീഴുന്നു തുള്ളിയായ് കാരുണ്യ മഴ
വിലമതിയാത്ത ദാനം ഇത്
വിണ്ണിന്റെ സൗഭാഗ്യമിത്
പതിയെ ഭാവം മാറുന്നിവൾ
പിടിച്ചു നിർത്താനാവില്ലിവളെ
പൈശാചിക രൂപം പൂണ്ടവളെ
പിഴുതെറിയുന്നു മാമരങ്ങളെ
തുള്ളിക്കൊരുകുടം എന്നപോൽ
തുള്ളിയാർക്കുന്നു കലിതുള്ളുന്നു
താണ്ടവമാടുന്നു കരുണയില്ലാതെ
തകർത്തിടുന്നു താഴ്വരകളെ
ഇടിയും മിന്നലും തോഴിമാരായ്
ഇടതടവില്ലതെ പെയ്യുന്നിവൾ
ഇടവപ്പാതി എന്നുവിളിക്കുമെങ്കിലും
ഇവൾ നമുക്കെന്നും ആവശ്യം
ജോൺസൺ കടമ്മനിട്ട