കാത്തിരിപ്പ്.
വിരിഞ്ഞു സുഗന്ധം പരത്തുന്നൊരായിരം വർണ്ണപ്പൂക്കളുണ്ടെനിക്ക് ചുറ്റും.
അറിയുന്നു ഞാൻ വീണ്ടുമൊരോണമെത്തിയെന്ന്.
ആടി വേടന്മാരുടെ നൃത്തം കഴിഞ്ഞു.
പെരുമഴക്കാലം തീർന്നു
പൊൻ ചിങ്ങ മെത്തി
തിരുവോണത്തെ വരവേൽക്കാനായ്.
ഓടി വരുമെന്നുറപ്പാണെനിക്കെന്നുണ്ണി
വലം കൈയ്യാൽ ഓണക്കോടി വാങ്ങീടുവാൻ.
ഇനി നമുക്കൊന്നിച്ചൊരോണമുണ്ണാം
ഇനി നമുക്കൊന്നിച്ചൊരൂയലാടാം
എൻ മനം എന്നോട് മന്ത്രിക്കുന്നു.
നീണ്ടൊരീ മൗനം വിട്ടുണർന്നീടും
ഞാനീ തൊടിയും വീടും വൃത്തിയാക്കീടും
മാറാല വലവിരിച്ച ജനാലകൾ
വെട്ടം വിതറാത്ത മുറികൾ
എലിയും പഴുതാരയും ചിലന്തിയും വാഴുന്നിടം.
കുടിയൊഴിപ്പിക്കേണ മറ്റയെ
എന്നുണ്ണിയെ വരവേൽക്കണം.
കാണേണമെനിക്കെന്റെ ഉണ്ണി നിന്നേയും
പേരക്കിടാങ്ങളേയും.
ആരുടെ ഛായയാണെൻ പേര മക്കൾക്ക്
എന്റേതോ? ഉണ്ണീടച്ഛന്റേതോ ?
നെറ്റിത്തടത്തിൽ മഞ്ഞക്കുറി പൂശിക്കേണം
ഓണക്കോടി ഉടുപ്പിക്കേണം
മാറോടു ചേർത്ത വരെ പുണർന്നീടേണം
സുഗന്ധമെന്നിൽ സന്നിവേശിപ്പിക്കണം.
എവിടെയെന്നുണ്ണീ നീ
എത്താറായില്ലേ?
ഏഴാം സമുദ്രത്തിന്നക്കരെത്തന്നെയാണോ?
സദ്യവട്ടങ്ങളോരോന്നായ് തൂശനിലയിൽ
വിളമ്പിവെച്ചിട്ടൊത്തിരി
ഓണങ്ങൾ കൊഴിഞ്ഞു പോയ്.
പേരക്കിടാവിനെ മടിയിൽ വെച്ചൂട്ടിക്കാനായ്
കൊതി മൂത്തെൻ മനം വേപഥു കൂട്ടുന്നു.
ഉണ്ണീ നീ വരില്ലേ?
നിന്നമ്മയെ കാണാനെത്തി ല്ലെന്നോ?
കരഞ്ഞു നീർ വറ്റിയ കൺകോണിൽ
വിടർന്നു മലർന്ന പൂക്കൾ
കാണാതാവുന്നു.
ഇനിയും ഓണമെത്തിയില്ലേ …….?
ഉഷാ ഭായി സി.കെ.