Thanks Giving Day!!

നന്ദിയുടെ ദിനം

നന്ദി പറയുന്ന ദിനം അഥവാ  Thank Giving Day ഇതൊരു ആഘോഷ ദിനം മാത്രമല്ല ഒരു അനുഭവം കൂടിയാണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും, അമേരിക്കയിൽ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയുമാണ് ഇത് ആഘോഷിക്കുന്നത്. വിളവെടുപ്പിനോടു കൂടി നടത്തപ്പെടുന്ന ഒരു ആഘോഷമാണിതെങ്കിലും നമ്മുടെ കുടുംബത്തോടും, സമൂഹത്തോടും, സംസ്ക്കാരത്തോടുമുള്ള  ബന്ധത്തെ വളർത്തിയെടുക്കുന്നതിനും,  നമ്മുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള കൃതജ്ഞത അറിയിക്കാൻ കിട്ടുന്ന ഒരു അവസരം കൂടിയാണിത്. 

നന്ദി എന്നത് ഒരു ചെറിയ വാക്കാണ് എന്നാൽ അതിന്റെ  അർത്ഥം അനിർവചനീയമാണ്. സ്നേഹവും, സംയമനവും നിറഞ്ഞ അനശ്വരമായ  ചിന്തയാണ് നന്ദിയെന്ന വാക്കിനാധാരം. തനിക്ക് ലഭിച്ച നന്മകളെ സ്മരിക്കുകയും, അതിന്റെ കൃതജ്ഞത വാക്കിലൂടെയും, പ്രവർത്തിയിലൂടെയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയിലെ ഉത്കൃഷ്ട ഗുണവും സവിശേഷ വികാരവുമാണ്. പ്രകൃതിയും സഹജീവികളും നമ്മുക്ക് ചെയ്തു തരുന്ന ഏതൊരു ചെറിയ കാര്യങ്ങൾക്കും നന്ദി പറയുക എന്നത് നമ്മുടെ കടമയാണ്. ഭാഷ കൊണ്ട് മാത്രമല്ല ഒരു ചെറിയ പുഞ്ചിരി  കൊണ്ടു പോലും  ഒരാളോട് നന്ദി പറയാൻ നമ്മുക്ക് സാധിക്കും

ഈ മനോഹര ദിവസത്തിൽ നമ്മൾ പങ്കുവയ്കുന്ന അനുഭവങ്ങളും, കഥകളും നന്ദി പറയുന്നതിനുവേണ്ടി മാത്രമുള്ളതല്ല. നമ്മിൽ നിറഞ്ഞ അവബോധമുണ്ടാക്കുന്നതിനും, മനുഷ്യ രാശിക്ക് വേണ്ടിയുള്ള അവകാശങ്ങൾക്ക് പുത്തൻ കാഴ്ചപ്പാടുകൾ നൽകുന്നതിനും വേണ്ടിയുള്ളതാണ്. ഇത്തരം ചെറിയ കാര്യങ്ങൾ പോലും എത്രത്തോളം ജീവിതത്തിൽ പ്രസക്തമാണ് എന്നുള്ളത് നമ്മെ നല്ലൊരു വ്യക്തിത്വത്തിനുടമയാക്കി മാറ്റുന്നു.

ഏതാണ്ട്  പത്ത് വയസ്സിനടുത്ത് പ്രായമുള്ളപ്പോൾ സ്കൂളിൽ നടന്ന ഉപന്യാസ മത്സരത്തിന് ഞാനും പേര് കൊടുത്തു. അക്ഷരങ്ങളോടുളള അനന്തമായ സ്നേഹമാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ മത്സര ദിനം അടുക്കുന്തോറും കുട്ടിയായ എന്നിൽ ഭയം ഗ്രസിച്ചു തുടങ്ങി. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മത്സരത്തിൽ പങ്കെടുക്കുന്നത് എന്നുള്ളതായിരുന്ന അതിലെ ഏറ്റവും തിളക്കമാർന്ന വസ്തുത. അല്പം ഭയത്തോടെ മത്സരിക്കാൻ പോകുന്ന വിവരം മടിച്ചു, മടിച്ചു  ഡാഡിയോടു പറഞ്ഞു. പരിഭ്രമത്തോടു കൂടി നിന്ന എന്റെ കൈയ്യിലേക്ക് രണ്ട്, മൂന്ന് പേപ്പർ കട്ടിംഗുകൾ തന്നിട്ട് അദ്ദേഹം പറഞ്ഞു എഴുതാനുള്ള വിഷയത്തേക്കുറിച്ച് ഇതിലുണ്ട് നന്നായിട്ട് വായിച്ചു നോക്കിക്കോളൂ നിനക്ക് എഴുതാൻ സാധിക്കുമെന്ന്.  മത്സര ദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറായി നിന്ന എന്നെ ചേർത്ത് പിടിച്ച് അദ്ദേഹം പറഞ്ഞു. ” നിന്നേക്കാൾ കഴിവുള്ളവരായി ഇവിടെ ആരും ഇല്ല. എന്നാൽ, നിന്നെക്കാൾ കഴിവ് കുറഞ്ഞവരായും ആരും ഇവിടെ ഇല്ല”. അന്നു മുതൽ ഇന്ന് വരെയുള്ള ജീവിത യാത്രയിൽ എന്നെ ഒരു പാട് സ്വാധീനിച്ചിട്ടുള്ള ഒരു വാചകമാണ് ഇത്. തുല്യതയോടെ, പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ മനസ്സിലാക്കാനും . അംഗീകരിക്കാനും കഴിയുന്നിടത്താണ് വിജയം എത്തിച്ചേരുക.

 ഒരു കാര്യത്തെ അംഗീകരിക്കുക എന്നത് ജീവിതത്തിലെ സത്യവുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ലഭിച്ച നന്മകൾ അത് ആരിൽ നിന്നായാലും അവയെ അംഗീകരിക്കാനുള്ള മനസ്സ് നമ്മുക്ക് ഉണ്ടായിരിക്കുക എന്നത് വലിയ ഒരു കാര്യമാണ്.  നീതിയുക്തമായ തീരുമാനത്തിൽ എത്തിച്ചേരാൻ മനസ്സിനെ ഉണർത്തുകയും അതു വഴി ബന്ധങ്ങളുടേയും, സംസ്ക്കാരത്തിന്റേയും സമഗ്രമായ ഉയർച്ചയുടെ പടവുകൾ നടന്നുകയറാനും സാധിക്കുന്നു. 

വിശുദ്ധിയുടേയും, സമാധാനത്തിന്റേയും പ്രതീകമായ ഈ ദിനത്തിൽ, നമ്മുക്ക് ലഭിച്ച എല്ലാ നന്മകൾക്കായും നമ്മൾ നന്ദി അറിയിക്കുമ്പോൾ,   സമാധാനവും, എതിർപ്പുകളുമില്ലാത്ത ഒരു ജീവിതം നമ്മുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ. Happy Thanksgiving!

ANITTA MATHEW

MELANDASSERIL

Alex Thomas

About the author