By Sheeja Pallathu
പുരുഷൻ! ഇതു കേൾക്കുമ്പോൾ തോന്നും ആൺ വർഗ്ഗത്തെപ്പറ്റിയാണ് പറയാൻ പോകുന്നതെന്ന് .അല്ല, ഇതൊരു വ്യക്തിയുടെ പേരാണ്. പുരുഷനെന്നോ സ്ത്രീയെന്നോ സ്വയം തിരിച്ചറിവില്ലാത്ത ഒരുമനുഷ്യന്റെപേര് .ആത്മാർത്ഥമായെന്നോട് നിഷ്ക്കളങ്കമായിച്ചിരിക്കുന്ന ഒരേയൊരു മുതിർന്ന മനുഷ്യൻ.
ആലങ്കാരികതകളൊന്നുമില്ലാതെ പുരുഷനെ പരിചയപ്പെടുത്താം. ഏകദേശം അറുപതിനോടടുത്ത പ്രായം. തൊണ്ണൂറു ശതമാനവും നരച്ചു കഴിഞ്ഞ തലയും താടിയും. പല്ലുകളൊക്കെ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു .ശേഷിക്കുന്നവയാകട്ടെ കറപിടിച്ച് കറുത്തിരിക്കുന്നു. അയഞ്ഞു തൂങ്ങിയ കടും നിറമുള്ള ഷർട്ട്, കണങ്കാലിനു മുകളിലാണു മുണ്ടെങ്കിലും ഒരറ്റം എപ്പോഴും തറയിൽ ഞാന്നു കിടക്കുന്നുണ്ടാകും. ഒരു കാലിൽ വണ്ണം കുറഞ്ഞൊരു കമ്പി ചുറ്റി വളച്ചിട്ടിട്ടുണ്ട്. മറുകാലിൽ തുണിച്ചരടു കൊണ്ടൊരു കെട്ടും. കൈവിരലുകളിൽ മുറുക്കി ചുറ്റിയിട്ടിരിക്കുന്ന റബ്ബർ ബാൻഡുകൾ. ഇടതു കൈയ്യിലെ നടുവിരൽ പകുതിയോളം മുറിഞ്ഞു പോയിരിക്കുന്നു.
നഖങ്ങളെല്ലാം നിറംകെട്ടു പോയിരിക്കുന്നു. ചെറിയ കണ്ണുകളിലും ചുളിവു വീണ മുഖത്തും നിറഞ്ഞു തുളുമ്പുന്ന ചിരി.
ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ചായക്കടക്കാരോ പച്ചക്കറി വിൽപ്പനക്കാരോ നൽകുന്ന ചായയും പഴവും ഒക്കെയാണ് അദ്ദേഹത്തിന്റെ ഭക്ഷണം. സഹൃദയർ എന്തെങ്കിലും ഭക്ഷണം ഇടയ്ക്കു വാങ്ങി നൽകാറുമുണ്ട്.പുരുഷൻ ഭക്ഷണം ചോദിച്ചു വാങ്ങാറില്ല ഒന്നും. അറിഞ്ഞു കൊടുത്താൽ സ്വീകരിക്കും. വിശപ്പ് അതൊരു വിഷമമായി പുരുഷനു തോന്നാറില്ല എന്നതാണു സത്യം.
ഞങ്ങളുടെ നാട്ടിൽ ഒട്ടുമിക്കവരും അറിയും പുരുഷനെ . കൊച്ചു കുട്ടികളും മുതിർന്നവരും എല്ലാം വിളിക്കും പുരുഷൻ ന്ന്. സ്വന്തം പേരിലുള്ള കുറച്ചു ഭൂമിയെക്കുറിച്ചോ കയറിക്കിടക്കാൻ ഒരിടമില്ലാത്തതിനെക്കുറിച്ചോ പുരുഷൻ ബോധവാനല്ല. പകലായാലും രാത്രിയായാലും തപാലാപ്പീസിന്റെ വരാന്തയിൽ കിടന്നുറങ്ങും, എത്ര മഴയാണെങ്കിലും വെയിലാണെങ്കിലുംസുഖസുഷുപ്തി അവിടെത്തന്നെ. എപ്പോഴുംനിറഞ്ഞ സന്തോഷം അതു പ്രകടിപ്പിക്കുന്നതോ……
പരിചയമുള്ളവരോട് ഇടയ്ക്ക് ചെറിയ തുകകൾ ചോദിച്ചു വാങ്ങും, ഏറിയാൽ പത്തു രൂപ. അതു കൊണ്ട് ‘രണ്ടു സിഗരറ്റും ഒരു ലൈറ്ററും വാങ്ങും.’ സിഗററ്റു രണ്ടും തൂക്കം നോക്കുന്ന പോലെ കയ്യിലൊന്നെറിഞ്ഞു പിടിക്കും. എന്നിട്ട് സിഗരറ്റ് രണ്ടും മുകളിലേക്കെറിയും, അതിലൊന്നിനെ കൈ നീട്ടിപ്പിടിക്കും. കയ്യിൽ കിട്ടിയതിനെ ചുണ്ടിലും തറയിൽ വീണതിനെ പോക്കറ്റിലും വയ്ക്കും. പോക്കറ്റിൽ നിന്ന് ലൈറ്ററെടുത്ത് സിഗരറ്റ് കൊളുത്തി പുക ആഞ്ഞെടുത്തു കൊണ്ട് പിറുപിറുക്കും.മെല്ലെ മെല്ലെ ചിരിക്കും…..
ഏകദേശം എരിഞ്ഞു തീരാറാകുമ്പോൾ സിഗരറ്റ് എറിഞ്ഞു കളയും .പിന്നെ പോക്കറ്റിൽ നിന്ന് ലൈറ്ററെടുത്ത് ഊക്കോടെ റോഡിലെറിഞ്ഞു പൊട്ടിക്കും . എന്നിട്ട് ഉറക്കെയുറക്കെ ചിരിക്കും… മതി വരുവോളം ‘….:
നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം ഓഫീസിലേക്കുള്ള വഴിയിൽ പുരുഷൻ എതിരേ വരുന്നു, ദേഹത്തും മുഖത്തുമെല്ലാം പെയിന്റ് കോരിയൊഴിച്ചിരുന്നു. ഏതാണ്ട് മുഴുവനായി പെയിന്റിൽ മുങ്ങിയ പോലെ.
മുഖത്ത് പച്ച നിറം, ദേഹമാകെ വെളുപ്പും. ഞാൻ കൗതുകത്തോടെ ചോദിച്ചു ,എന്തായിത്? ദേഹത്തെല്ലാം പെയിന്റ് ചെയ്തിരിക്കുന്നത്? ചിരിച്ച് വലിയ സന്തോഷത്തോടെ മുപടി പറഞ്ഞു ,മഴ നനയാതിരിക്കാനാണ് .
ആരോ പറഞ്ഞു കൊടുത്ത ഐഡിയ പ്രാവർത്തികമാക്കിയതാണ്. മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് മഴയിലേക്ക് നടന്നു പോയി. ഒരു നിമിഷം തിരിഞ്ഞു നിന്നു നോക്കിയ ശേഷം ഞാനും നടന്നു. ഉള്ളിലൊരു ഉന്മാദം ഒളിപ്പിച്ച് ചുണ്ടിലൊരു പുഞ്ചിരിയുമായി,മനസ്സിൽ ഉറക്കെയുറക്കെച്ചിരിച്ച് ,പുരുഷന്റെ സന്തോഷത്തിൽ പങ്കു ചേർന്ന്…..
ഒരിടയ്ക്ക് അടിഭാഗം തുറന്ന ഒരു ബാഗ് കയ്യിൽ പിടിച്ച് ,വഴിയിൽ കാണുന്ന പ്ലാസ്റ്റിക്ക് കവറുകളും മറ്റും പെറുക്കി ബാഗിലിടും. അവ താഴെക്കൂടി ചോർന്നു പൊയ്ക്കൊണ്ടേയിരിക്കും. പിന്നെയും പെറുക്കിയിടും.പിന്നെ മതിയെന്നു തോന്നുമ്പോൾ ഒഴിഞ്ഞ ബാഗ് ശ്ശ് ……. എന്ന ശബ്ദത്തോടെ ദൂരെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് വലിച്ചെറിയും.
ഉറക്കെയുറക്കെ ചിരിക്കും.
എല്ലാ ദിവസവും എതിരേ വരുമ്പോൾ ഒന്നു ചിരിക്കും. പതുക്കെ ,തിരിച്ചു ചിരിച്ചാൽ ആ മുഖത്തു വിരിയുന്ന ചിരിയിൽ, കണ്ണിൽ ലോകത്തിന്റെ മുഴുവൻ സന്തോഷം കാണാം. അതു കാണുമ്പോൾ മനസ്സു നിറയും. ഒരിക്കൽ മാത്രം എന്നോടു ചോദിച്ചു .”ചേച്ചിയെന്താ വൈകിയേ? “
അവിശ്വസനീയമാം വിധം ഒരു നിമിഷം നോക്കി നിൽക്കാനല്ലാതെ മറുപടിയൊന്നും എനിക്കു തോന്നിയില്ല. അദ്ദേഹം അതു പ്രതീക്ഷിക്കുന്നില്ലെന്ന് , മനോഹരമായി പുഞ്ചിരിച്ച് നടന്നു നീങ്ങുന്ന ആ മനുഷ്യനെ കണ്ടാലറിയാം.
ഒരിക്കൽ വഴിയിൽ തടഞ്ഞു നിർത്തി ആ വഴി പോകേണ്ടെന്നും വഴി തീർന്നു പോയിരിക്കുന്നു എന്നും പറഞ്ഞു .അവിടെ ഭൂമിയില്ലത്രെ.. സംശയിച്ചു നിന്ന എന്നെക്കടന്ന് പലരും പൊയ്ക്കൊണ്ടിരുന്നു. എന്നെ ചിന്തിക്കാൻ വിട്ട് പുരുഷൻ ദൂരെ നടന്നു മറഞ്ഞിരുന്നു…….