Chapter 2
ഇറങ്ങാൻ നേരം ലളിതയോടും പറഞ്ഞു അമ്മമ്മയെയും കൂട്ടി നാളെ വരണം കേട്ടോ.
ചേച്ചി വാ, ഞാൻ വരച്ച പടങ്ങൾ കാണാം. ഇസബെൽ ചേച്ചിയെ വിടാൻ ഭാവമില്ല.
ഉഷയും ഇസബെല്ലും കൂടി അവളുടെ മുറിയിൽ പോയി പടങ്ങൾ കണ്ടു തുടങ്ങി.
അമ്മമ്മയുടെ സംസാരം കേൾക്കുമ്പോൾ അപ്പച്ചനെ ഓർമ്മ വരുന്നു. പാവം അപ്പച്ചൻ ഒത്തിരി സങ്കടങ്ങൾ ഉള്ളിൽ കൊണ്ട് നടന്നിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകി. അമ്മമ്മക്കും കാണുമോ കുഞ്ഞുനാൾ മുതൽ ചങ്കിൽ കൊണ്ടുനടക്കുന്ന മുറിവുകൾ? എൻ്റെ അപ്പച്ചന് കൊടുക്കാത്ത ആശ്വാസം അമ്മാമ്മക്ക് കൊടുക്കാൻ ഹൃദയം വെമ്പുന്നുണ്ടോ?
സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരെല്ലാം പിക്നിക്നു പോകാൻ ഫീ കൊണ്ടുപോയി പേര് രജിസ്റ്റർ ചെയ്യുമ്പോൾ എനിക്ക് വളരെ വിഷമം തോന്നി. അപ്പച്ചന്റെ കയ്യിൽ രൂപ ഇല്ലാഞ്ഞിട്ടല്ല, വിടില്ലെന്ന് വാശിയാണ്. സ്കൂൾ അവധി വന്നാൽ അമ്മച്ചിയുടെ വീട്ടിൽ പോകുന്നത് മാത്രമാണ് എൻടെ യാത്രയുടെ ലിസ്റ്റിൽ എന്നുമുള്ളതു.
കല്യാണം കഴിഞ്ഞു ഇതിന്റെയെല്ലാം സങ്കടം തീർക്കാനാകണം ഇങ്ങനെയൊരു ഭർത്താവിനെ ദൈവം തന്നത്. ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ഇഷ്ട്ടമില്ലാത്ത ഒരാൾ. എന്നും യാത്ര ചെയ്യാൻ പറ്റിയാൽ ഇതിൽ പരം സന്തോഷം വേറെയില്ല. നിറയെ കൂട്ടുകാർ ഉള്ള, കുടുംബത്തോടും, കൂട്ടുകാരോടും ഒപ്പം സമയം ചിലവാക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ.
യാത്രകളും, കൂട്ടുകാരും എന്ത് മാത്രം ജീവിതത്തെ മാറ്റിമറിക്കുന്നു, സ്വാധീനിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ അപ്പച്ചനോട് നീരസം തോന്നി. എന്റെ കുട്ടികാലം ആസ്വദിക്കാൻ പറ്റാത്തതിൽ സങ്കടപ്പെടുന്ന ചില സമയങ്ങളിൽ ഒന്ന്.
ഒരിക്കൽ അപ്പച്ചന്റെ കൂടെ പഠിച്ച ചേച്ചിയെ പരിചയപ്പെട്ടു- ആരുടെയോ കല്യാണത്തിന് പോയപ്പോഴാണ്.
ഓ, സൈമൻടെ മകളാണോ. കോളേജിൽ ഞങ്ങൾ ഒരു ക്ലാസ്സിൽ ആയിരുന്നു. സൈമൺ എപ്പോഴും ഒറ്റക്കായിരുന്നു. ക്ലാസ്സിൽ വന്നാൽ ഒരു മൂലയിൽ
ഉള്ള ബഞ്ചിൽ ഇരിക്കും. ആരുമായും സംസാരിക്കില്ല. ക്ലാസ് കഴിഞ്ഞാൽ പിന്നെ അവിടെങ്ങും കാണാറില്ല. ഡിഗ്രി കഴിഞ്ഞു സൈമൺ ജോലിക്കു കയറിയെന്നു കേട്ടു. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു.
അത് കേട്ടപ്പോൾ അപ്പച്ഛന്റെ ബാല്യത്തെ കുറിച്ച് അറിയണം എന്ന് തോന്നി. അപ്പച്ചന്റെ സഹോദരങ്ങൾക്കെല്ലാം കുറെ കൂട്ടുകാരുണ്ടായിരുന്നു. എന്തായിരിക്കും അപ്പച്ചന്റെ സങ്കടം.
To be continued……