ചരമക്കോളത്തിൽ ആത്മവിശ്വാസത്തോടെ
ചിരിക്കുന്ന സ്വന്തം മുഖം
പതിച്ചു നോക്കിയിട്ടുണ്ടോ.
താഴെ എഴുതിയ
ചെറുകുറിപ്പിൽ വയസ്സ്
കൂടിപ്പോയിട്ടില്ലെന്ന്
ശ്രദ്ധിച്ചില്ലേ.
ഇതുനമ്മുടെ…….
ഇത്ര പെട്ടെന്ന്
എന്ന് കഷ്ടം പറയുന്ന
മുഖങ്ങളെ കാണുന്നില്ലേ
എല്ലാ “പേപ്പറിലും ” ഉണ്ടെന്ന്
അഭിമാനിക്കുന്ന ഒരു സ്വരം
കേൾക്കുന്നില്ലേ
നേരം വൈകിയോ,
ഇന്നു കൂട്ടാൻ
ആളുവന്നില്ലേ, എന്നു
തിരക്കുന്നമുഖങ്ങൾ
ഒരു നിമിഷംമ്ലാനമാകുന്നത്
കാണുന്നുണ്ടോ.
മുറ്റത്തെ മാവിലെ മാമ്പഴം പൊതിഞ്ഞുവച്ച്
ഒന്നുനിൽക്കെന്നു ഓടി
വരുന്നോരമ്മയുടെ
കണ്ണുനിറഞ്ഞത് കാണുന്നുണ്ടോ
ശീലങ്ങൾ മറക്കണമെന്ന്
ചായയ്ക്ക് നീട്ടിയ കൈകൾ
പിൻവലിയുന്നുണ്ടോ.
അമ്മേയെന്നൊരു വിളി
ചുണ്ടിൽ വിതുമ്പുന്നുണ്ടോ
നിഷ്ഠകൾ ഇല്ലാതായെന്ന്
ഒരടുക്കള കലമ്പുന്നുണ്ടോ.
അരികിലുണ്ടെന്ന് തൊട്ടുനിൽക്കുന്നൊരുവൻ
ഒരുകിളി പറന്നു പോയതറിയാതെ
“ഹായ് ” അയച്ച് മറുപടിക്കായി
കാക്കുന്നുണ്ടോ.
വായിക്കാതെ മാറ്റിവച്ചെന്ന്
ആരോ മന്ത്രിക്കുന്നുണ്ടോ
ഒന്നുകൂടി നോക്കുമ്പോൾ
ആത്മവിശ്വാസം കുറഞ്ഞെന്ന്
ചരമക്കോളത്തിലെ മുഖം
മങ്ങുന്നുണ്ടോ.
ഷീജ പള്ളത്ത് ✍️