അച്ചൻകോവിലാറിന്റെ തീരത്തെ നാട്…കാടുകളും പുഴകളും കാട്ടു കാഴ്ചകളും ഒന്നിനൊന്ന് ചേർന്ന് മികമികച്ചതാക്കുന്ന ഒരിടം… പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. പകുതിയിലധികം കാഴ്ചകളും വനത്തിനോട് ചേർന്നു കിടക്കുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വണ്ടി ഇവിടേക്ക് തിരിക്കാം. കോട്ടയം തൊട്ട് തിരുവനന്തപുരം വരെയുള്ളവർക്ക് ഒരൊറ്റ ദിവസം കൊണ്ട് കറങ്ങിയടിക്കുവാൻ പറ്റിയ കോന്നിയാണ് ഇന്നത്തെ താരം…ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ കേരളത്തിൽ എവിടെ നിന്നും ആർക്കും ധൈര്യമായി വന്നു പോകുവാൻ പറ്റിയ കോന്നിയുടെ വിശേഷങ്ങള് പക്ഷെ, ഒരൊറ്റ പകലിൽ തീരുന്നതല്ല. എണ്ണിയാൽ തീരാത്ത കാഴ്ചകളും അനുഭവങ്ങളുമായി ഒരൊറ്റ പകലിൽ ഇതാ കോന്നിയെ കാണാം..

ഒരു പകൽ
ഒരൊറ്റ പകലിൽ കണ്ടു തീർക്കേണ്ട നാടല്ല പത്തനംതിട്ടയുടെ പച്ചപ്പായ കോന്നി. റബർ തോട്ടങ്ങളും ആനക്കൂടും അച്ചൻകോവിലാറുമായിരുന്നു ഒരുകാലത്ത് കോന്നിയെ അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ കാലത്തിന്റെ മാറ്റത്തിൽ കുട്ടവഞ്ചിയും ആന മ്യൂസിയവും ജീപ്പ് സഫാരിയും കാട്ടിലെ കാഴ്ചകളും കോന്നിയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതാ ഒരൊറ്റ പകലിൽ കോന്നിയിൽ കണ്ടു തീർക്കേണ്ട കാഴ്ചകളിലൂടെ ഒരു യാത്ര.കാട്ടിലെ കൊമ്പനെ കണ്ടു തുടങ്ങാം കോന്നിയിലെ പേരുകേട്ട കാഴ്ചകളിലൊന്നായാണ് ആനക്കൂട് അറിയപ്പെടുന്നത്. ഒൻപത് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇത് 1942ൽ, കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതിനായാണ് ആരംഭിച്ചത്. ഇപ്പോൾ കാട്ടിൽ നിന്നും ആനകള പിടിക്കാറില്ലെങ്കിലും വഴിതെറ്റിയെത്തുന്ന ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രമായി ഇവിട മാറി.76 വയസ്സുള്ള മണിയനാനയാണ് കൂട്ടത്തിലെ മൂപ്പൻ. ഏറ്റവും ഇളയ പിഞ്ചുവിന് വെറും രണ്ടു വയസ്സേയുള്ളുവെങ്കിലും ഈ കുഞ്ഞനാനയ്ക്കാണ് ആരാധകർ അധികവും.

കാഴ്ച മാത്രമല്ല ആനകളെ വെറുതെ കണ്ടു നിൽക്കുവാൻ മാത്രമല്ല, ആനപ്പുറത്തുള്ള സഫാരിക്കും ആനയെ ഊട്ടുവാനും കുളിപ്പിക്കുവാനും ഒക്കെ ഇവിടെ സാധിക്കും,. ആനക്കൂടിനോട് ചേർന്നൊരുക്കിയിട്ടുള്ള ആന മ്യൂസിയവും ഓഡിയോ വിഷ്വൽ റൂമും വ്യത്യസ്തമായ അനുഭവമായിരിക്കും. കോന്നി കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ ആനത്താവളത്തിലെത്താം.

To be Continued….next edition …