ചിന്തകൾ ജൽപനങ്ങളായ്
ചിരിയൂറും സ്വപ്നങ്ങളായ്
ഒഴുകും പ്രവാസ ജീവിതം
കാനനത്തിലെ വാൽമീകി തൻ
തപ സ്സു പോൽ ദിനരാത്രങ്ങൾ
ഇന്നുപോകാം നാളെതന്നെയാകാം
എന്നും മനമുരുകി തളർന്നു
ജീവിത ഭാരം നുകങ്ങളായി
ഓർമ്മകൾ നൊമ്പരങ്ങളായി
ഒരു മനുഷ്യായുസിൻ വിയർപ്പ്
ഒരു ജീവ ചക്രത്തിൻ തുടിപ്പ്
മനസിന്നുള്ളിലെ നൊമ്പരങ്ങൾ
മനസിലൊരുക്കി ഒതുക്കി
മറച്ചാലും നിറയും കദന ഭാരം
താരാട്ടു പാട്ടിന്നീണം കഴിഞ്ഞു
കണ്ണീർ തുടയ്കാനായാളുമില്ല
കലങ്ങിയ മിഴികൾ തുടച്ചു
വിട ചൊല്ലി… അടുത്ത വർഷം
കടക്കണ്ണിൽ നനവുകൾ ഇറ്റു
നയനങ്ങൾ ജലസാന്ദ്രമായി
കളത്രം ചൊല്ലി, പനിനീർ ചെടിയാം
തനൂജയ്ക്കിന്നു നല്ലൊരു വേളി വേണം
ഒരു നല്ല പനിനീർ ചെടിയായ്
നീളുന്നു ജീവിതം മരുപ്പച്ച തേടി
പൂക്കണം പിന്നെ ഉണ്ണികൾ പിറക്കണം
സ്വപ്നത്താൽ മധു നിറച്ച പെട്ടിയിൽ
സുഗന്ധം തേടി മകൾ കാത്തിരുന്നു
ഒരുനാൾ കണവന്റെ വീട് പൂകി
ഒരുപാട് നോട്ടുകൾ പോയ്മറഞ്ഞ
കീശ തപ്പി മകൻ ചിണുങ്ങി കരഞ്ഞു
പരിഭവത്തിനിടയിൽ നിരാശയാൽ
ചിത്രം രചിക്കും കളത്രം എവിടെ
ഒന്ന് കാണാം മനസുനിറയെ ചുംബിക്കാം
ഒരുനുലിഴയായ് ചേരാം
മലർപ്പൊടിക്കാരന്റെ ചിന്തകൾ
പ്രവാസിയുടെ സ്വകാര്യ ദുഃഖങ്ങൾ
ഇരുളു വീഴുമീറൻ സന്ധ്യയിലീശ്വര നാമം
ചോല്ലാനവൾ വിളക്ക് കൊളുത്തി
കാണാതെ പാടി പഠിച്ചിടും മന്ത്രങ്ങൾ
ഉരുവിട്ടവൾ ദുരെയ്ക്ക് നോക്കി നിന്നു
പൊന്നു തേടും നിർഭാഗ്യവാനാം പതിയെ
കൊഴിയും പ്രവാസത്തിരക്കിനിടയിൽ
കളത്രമിന്നോരോർമയായ് മാറി
ഇന്നീ വിളക്കിൽ അഗ്നി പകരുമ്പോൾ
ഒരു വേള കണ്ടു പത്നി തന്നാനനം
ഒരു ചെറിയ അഗ്നിനാളമായ് കത്തിജ്വലിച്ചു
ദേവിപോലെൻ കളത്രം
ഇപ്പോൾ സായം കാലം വയസെഴുപതു
കഴിഞ്ഞ കാലത്തെ നെടുവീർപ്പുകൾ ബാക്കി
ഉഷസിൽ ഓർമ്മകൾ തലോടിയ നൽ യാമത്തിലെ
ഉറക്കം വിട്ടുണരുമ്പോൾ
മകന്റെയാ സ്വരം കാതിലലയ്ക്കുന്നു
അപ്പ പോണു പൊന്നുതേടി മരുഭൂവിൽ
അനുഗ്രഹം തേടി നിന്നു വിവശനായ്
വിനീതൻ പ്രവാസ ജീവിത്തതിൻ
ഊഷര ഭുമിയിലെക്കു പ്രണയത്തിന്റെ
നീളും സുന്ദരമാം സ്വപ്നങ്ങളുമായ്
വിഭലമാം കണ്ണീരിൻ നീർ ചാർത്തണിഞ്ഞു
ചൊല്ലി നാളെ നീയും എന്നെപ്പോലെ തന്നെ
ഒരു നൽ പനിനീർ മലരിന്റെ ജീവിതം
ഈ മണി മേടയിൽ തളച്ചിട്ടു പൊന്നു-
തേടി വിരഹത്തിൽ അലയരുത്
കാലത്തിൻ അതിവേഗമാം കുത്തൊഴുക്കിൽ
ഉൾ കിടിലമായോരോർമമാത്രം
നരച്ച മുടി തടവി മറക്കാനായ് ശ്രമിക്കുന്നു
ഈശ്വര നാമം ചൊല്ലാൻ ഞാൻ മാത്രമായ്
Karthumbi