
നിരാലംബർക്കെന്നും ഒപ്പമായ് ,
ദീപമായ് സ്വജീവിതം മറന്നോരമ്മേ
ഇനിയീ കണ്ണീർപ്പൂക്കൾ മാത്രം
കദനത്തിൻ കണ്ണീർപ്പൂക്കൾ.
മനോവൈകല്യം മറയാക്കി
പീഢനത്തിനിരയാവുമ്പോൾ
അഭയമായ് ” അഭയ “യിലെത്തും ഞങ്ങൾ –
ക്കത്താണിയായിട്ടിനി
ആരുണ്ടിവിടെ?
സ്ത്രീക്കും പ്രകൃതിക്കും നൊമ്പര മേൽക്കവെ
ഗർജനംപൊഴിക്കും നിൻ നാവ്
നിശ്ചലമാകവെ –
അനാഥത്വം പേറും വേദനകൾ
ആരോട് പങ്കുവെയ്ക്കും ഞങ്ങൾ ?
ഞങ്ങളെ ഞങ്ങളായ് വളർത്തിയോരമ്മേ –
കണ്ണീരൊപ്പാൻ ശിരസ്സിൽ കൈ വെച്ചനുഗ്രഹിക്കാൻ
ആരുണ്ടിവിടെ?
അഭയ ഹസ്തം നീട്ടി, വരദ ഹസ്തം നീട്ടി
സ്നേഹത്താൽ, ലാളനയാൽ
സ്വാന്തനിപ്പിക്കും ദേവീ
ചിറകിലെ ചൂടുപകരാൻ
ഞങ്ങൾക്കാരുണ്ടിവിടെ?
പെണ്ണിന്നഭിമാനത്തിനും
മണ്ണിന്നാർദ്രതയ്ക്കും വേണ്ടി
പോരാടിയോരമ്മേ
മൃത്യുവിൻ ചന്ദനം മണക്കുന്ന മാറിൽ
സങ്കടങ്ങളിറയ്ക്കിവെയ്ക്കട്ടെ.

വെയിലൊളി മാഞ്ഞു
പൂനിലാവ് നൃത്തം ചെയ്യില്ല ,
നക്ഷത്രങ്ങൾ സ്വയം പ്രകാശിക്കില്ല.
മഴ മേഘങ്ങൾ ഇരുണ്ടു കണ്ണീർ പൊഴിച്ചു.
ആ കണ്ണീർപ്പൂക്കൾ നിൻ പാദങ്ങളിലർപ്പിക്കുന്നു.
സ്നേഹ മുന്തിരിച്ചാർ നിറച്ച നിൻ –
മാറിടം ചുരത്തും അമ്മിഞ്ഞപ്പാൽ
ആവോളം നുകരട്ടെ., കണ്ണീരിനാൽ കഴുക്കട്ടെ നിൻ –
പാദപത്മം.
അതിലുടയ്ക്കുന്നു , അർപ്പിക്കുന്നു
നിരാലംബരാം ഞങ്ങൾ തൻ ഹൃദയം.
ഇനിയീ കണ്ണീർപ്പൂക്കൾ മാത്രം
കദനത്തിൻ കണ്ണീർപ്പൂക്കൾ .
ഉഷാഭായി സി.കെ.