ആശയ സമ്പുഷ്ടമായ ഒരു വാക്കാണ് അമ്മ. ഈ പ്രപഞ്ചത്തിലെ സ്നേഹത്തെ മുഴുവൻ ആവാഹിച്ചെടുത്ത പദം. മാതൃസ്നേഹത്തേക്കാൾ അമൂല്യമായ ഒന്ന് ഈ ഭൂമിയിൽ നമ്മുക്ക് കണ്ടെത്താനാകില്ല. കാത്തിരുപ്പിന്റെ പരാതികളില്ലാത്ത, അതിർവരമ്പില്ലാത്ത സ്നേഹത്തിന്റെ പര്യായം. ജനിച്ചുവീഴുന്ന ഏതൊരു പെൺകുഞ്ഞിലും മാതൃഭാവം മറഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെയും, കരുണയുടെയും, വാത്സല്യത്തിന്റെയും മൂർത്തീഭാവമാണ് അവൾ. മാതൃത്വത്തിലേക്ക് ആദ്യമായി എത്തുന്ന സ്ത്രീ – തന്റെ ചോരക്കുഞ്ഞിനെ നെഞ്ചിലെ ചൂടേൽക്കാൻ ചേർത്ത് പിടിക്കുമ്പോൾ, അവൾക്കു ലഭിക്കുന്ന ഇന്ദ്രിയപരമായ അനുഭൂതി വാക്കുകൾക്കതീതമാണ്. തന്റെ ശക്തി മാതൃത്വമാണെന്ന് തിരിച്ചറിയുന്ന അവൾ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയായി മാറുന്നു. തന്റെ എല്ലാ സ്വപ്നങ്ങളെയും, ആഗ്രഹങ്ങളെയും തൃണവൽഗണിച്ചുകൊണ്ട് പിന്നീടുള്ള അവളുടെ ഓരോ ദിനവും കുഞ്ഞിനുവേണ്ടി മാത്രമുള്ളതാകുന്നു.
കാലമെത്ര മാറിയാലും, എത്ര വിദ്യ സമ്പന്നരാണെന്നു വാദിച്ചാലും,, ചിലപ്പോഴൊക്കെ വിധികർത്താക്കളുടെ കുപ്പായം നമ്മൾ ധരിക്കാറുണ്ട്. ഒരു സ്ത്രീക്ക് ഉദരഫലത്തിനുള്ള ഭാഗ്യമുണ്ടായില്ലായെങ്കിൽ, ഗർഭാവസ്ഥയിലിരിക്കുന്ന ഒരു കുഞ്ഞ് മരിക്കാനിടയായാൽ, അതല്ല ശരീരികമോ, മാനസികമോ ആയ വൈകല്യമുള്ള ഒരു കുഞ്ഞ് ജനിച്ചാൽ. പൂർവ്വികശാപത്തിന്റെ കണക്കുകളെ എണ്ണി തിട്ടപ്പെടുത്തി വിധികർത്താക്കളാകാതെ, കർമ്മഫലമെന്നു പറഞ്ഞ് അവരെ പഴി ചാരാതെ. അവർക്ക് താങ്ങായി, തണലായി മാറാനാണ് നാം ശ്രമിക്കേണ്ടത്. മറ്റുള്ളവർക്ക് വേണ്ടി എന്തും ത്യജിക്കാനും, സഹിക്കാനും തയ്യാറാകേണ്ടവൾ എന്നാണ് മാതൃത്വത്തേക്കുറിച്ച് നമ്മുടെ പൊതു സങ്കൽപം. മകളാകുമ്പോൾ വാത്സല്യത്തോടും, ഭാര്യയാകുമ്പോൾ സ്നേഹത്തോടും, മാതാവാകുമ്പോൾ ബഹുമാനത്തോടും പരിഗണിക്കപ്പെടേണ്ട സ്ത്രീത്വം പലപ്പോഴും അപമാനിക്കപ്പെടാനുള്ള കാരണം, ജന്മിത്ത സംസ്‌കാരത്തിന്റെ അവശിഷ്ട്ടങ്ങൾ തലയിൽ ചുമന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ അധഃപതിച്ച ചിന്താഗതി തന്നെ. ഇത്തരം യഥാസ്തിക ചിന്തകൾ ഉയർത്തിപ്പിടിക്കുന്നവർ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ് ശ്രമിക്കുന്നത്. അമിത പ്രതീക്ഷയുടെ ഭാണ്ടക്കെട്ട് അവളുടെ ചുമലിൽ ഏറ്റുമ്പോൾ ചിന്തിക്കുക അമ്മമാരും സാധാരണ മനുഷ്യരാണെന്ന്.
അനുദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തുല്യ പങ്കാളിത്തത്തോടെ മുന്നോട്ട് പോകേണ്ടവരാണ് ഭാര്യയും, ഭർത്താവും. അടുക്കള ജോലി മുതൽ മക്കളുടെ കാര്യങ്ങൾ എന്നുവേണ്ട സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെ സ്ത്രീക്കും, പുരുഷനും തുല്യ പങ്കാളിത്തമാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ചുമലിൽ ചവിട്ടി താഴ്ത്തി മറ്റൊരാൾ ഉയരങ്ങൾ താണ്ടാൻ ശ്രമിക്കുന്നത് കുടുംബബന്ധങ്ങളുടെ അടിത്തറ ഇളകാൻ കാരണമാകുന്നു. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിന്റെ വളർച്ചയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അമ്മയുടെ ഉദരത്തിൽ കുഞ്ഞ് രൂപപ്പെടുന്ന സമയം മുതൽ ആ കുഞ്ഞ് അച്ഛന്റെ ഹൃദയത്തിലും ജനിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ ബാക്കി ലഭിക്കാത്തതിന്റെ പേരിലായാലും, കറിക്ക് ഇത്തിരി ഉപ്പ് കൂടിയതിനോ, കുറഞ്ഞതിനോ ആണെങ്കിലും. അതുമല്ലെങ്കിൽ സ്വയം ചിന്തിച്ച് കൂട്ടിയ സംശയത്തിന്റെ പേരിലായാലും അവൾക്കേക്കുന്ന ദണ്ഡനങ്ങൾ അത് അത്രയും ആ കുഞ്ഞിലും ചെന്ന് പതിക്കുന്നു. നാളെയുടെ വാഗ്ദാനമായി മാറേണ്ടവർ, തലമുറയുടെ സുകൃതം കാത്ത് സൂക്ഷിക്കേണ്ടവർ അമ്മയുടെ ഗർഭപാത്രത്തിൽ ഒന്നുറക്കെ നിലവിളിക്കാൻ പോലുമാവത്ത മാനസിക പിരിമുറുക്കത്തിൽ പിടയുന്നു.
അത്തരമൊരവസരത്തിൽ നരകയാതനയുടെ ബന്ധനങ്ങളെ തകർത്തതെറിഞ്ഞ്, തന്റെ കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന പരുന്തിൽ നിന്ന് സ്വന്തം ചിറകിൻ കീഴിൽ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്ന അമ്മക്കോഴിയെപ്പോലെ പോരാട്ട വീര്യത്തോടെ അവൾ നിന്നാൽ, തനിക്കു കിട്ടുന്നതെന്തും തന്റെ കുഞ്ഞുങ്ങൾക്ക് കൊതിപ്പെറുക്കി കൊടുക്കുന്ന അമ്മക്കിളിയായി അവൾ മാറുമ്പോൾ, പ്രയാസങ്ങളെ അതിജീവിക്കാൻ ഒരു കൈത്താങ്ങ് അവൾ പ്രതീക്ഷിച്ചാൽ ഈ സമൂഹം അവളോട് എങ്ങനെയാകും പ്രതികരിക്കുക. വിശ്വാസ തീക്ഷണതയിൽ ജ്വലിച്ചു നിൽക്കുന്ന വിശ്വാസികളെയോ, വംശശുദ്ധിയുടെ മാഹാത്മ്യം ഘോരം, ഘോരം പ്രസംഗിക്കുന്ന ആദർശവാദികളെയോ അവൾക്കവിടെ കാണാനാകില്ല. മറിച്ച് ആട്ടിൻ തോലിനുള്ളിൽ പതുങ്ങിയിരിക്കുന്ന കുറെ ചെന്നായ്ക്കളെ ആകും അവൾക്കവിടെ കണ്ടെത്താനാകുക . നമ്മെ നയിക്കുന്ന നീതി ശൂന്യമായ ചിന്തകളെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയിൽ മാതൃസ്നേഹത്തേക്കുറിച്ച് വളരെ മനോഹരമായിട്ടാണ് വർണ്ണിച്ചിരിക്കുന്നത് കുന്നോളം സമ്പത്ത് കാട്ടി അമ്മയെ മയക്കി കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിച്ച പൂതത്തിന് തന്റെ രണ്ട് കണ്ണുകളും പിഴുത് നൽകി തനിക്ക് ഇതിലും പ്രിയപ്പെട്ടതാണ് തന്റെ കുഞ്ഞ് എന്ന് വിളിച്ചോതുന്ന അമ്മയെ നമുക്ക് കാണാം. ഒരു നല്ല സമൂഹസൃഷ്ടി വേണമെന്ന് ശാട്യം പിടിക്കുന്നവർ, ചിന്തിക്കാനും, പ്രവർത്തിക്കാനും, പ്രതികരിക്കാനും കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ ആദ്യം ചെയ്യേണ്ടത് സ്ത്രീയുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ്. അവളുടെ മാതൃത്വത്തെ ബഹുമാനിക്കുക എന്നതാണ്. അവൾക്കു ലഭിക്കുന്ന കരുതലും സംരക്ഷണവും അവളുടെ ഉദരഫലത്തെ കരുത്തുറ്റവരും, വരും നാളുകളിൽ വംശത്തിന്റെ യശസ്സ് ഉയർത്തി പിടിക്കാൻ പ്രാപ്തരുമാക്കി മാറ്റുന്നു.
മക്കളുടെ വിഷമതകളിൽ ഒരു സുഹൃത്തിനെ പോലെ കൂടെ നിൽക്കുകയും, അവരുടെ ജീവിത വിജയങ്ങൾക്കായി പ്രാർത്ഥിക്കുകയും. വീഴ്ചകളിൽ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുകയും ചെയ്ത്, എന്നും കരുതലായി ഒപ്പമുള്ള അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല, എല്ലാ ദിവസവും അവരോടുള്ള സ്നേഹവും കരുണയും പങ്കുവയ്ക്കാൻ സാധിക്കണം. എല്ലാ ദിനവും മാതൃദിനമാകട്ടെ..
Anitta Mathew
Melandasseril