കാലചക്രത്തിന്റെ ഒരിതൾ കൂടി കൊഴിയുന്നു. പറക്കുവാനും, പറന്ന്, പറന്ന് ഉയരുവാനും ഒരുപാട് അവസരങ്ങൾ തന്ന് 2023 കാലത്തിന്റെ യവനികക്കുള്ളിലേക്ക് മറയുന്നു. എന്റെയും, നിങ്ങളുടേയും വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് മാറ്റപ്പെട്ട ഒരു വർഷം.
സമയവും, തിരമാലയും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല എന്നൊരു ചൊല്ലുണ്ട്.
ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാത്ത ഈ സമയമാണ് നമ്മുടെ ജീവിതമെന്ന യുക്തിസഹജമായ ചിന്തയാണ് നമ്മുക്ക് വേണ്ടത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ അങ്ങനെ ചെയ്യും എന്ന ചിന്തയെ പരിത്യജിച്ച് ഗതകാല ജീവിതത്തിലെ തെറ്റുകളെ തിരുത്തി സ്വന്തം സത്വത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിവുള്ളവരായി മാറുകയാണ് നാം ചെയ്യേണ്ടത്.
ദൈവം നമ്മുക്ക് കനിഞ്ഞു നല്കുന്ന സമയത്തെ സമുചിതമായി വിനിയോഗിക്കാൻ നമ്മുക്ക് ആയാൽ ഈ ജീവിതത്തിൽ നമ്മൾ വിജയിച്ചു എന്നർത്ഥം. നമ്മുടെ കർമ്മ മണ്ഡലങ്ങളിൽ എവിടെയുമായിക്കൊളളട്ടെ വിവേകത്തോടുകൂടി, സഹജീവി സ്നേഹത്തോടു കൂടി നമ്മുക്ക് പ്രവർത്തിക്കാൻ കഴിയുക എന്നതാണ് പ്രാധാന്യം.
ഇന്നലെകളെക്കുറിച്ചുള്ള നിരാശയല്ല, നാളെ എങ്ങനെ ആയിരിക്കുമെന്ന ആകുലതയുമല്ല മറിച്ച് ഇന്ന് നമ്മളായിരിക്കുന്ന ഈ നിമിഷങ്ങൾ എത്രത്തോളം അർത്ഥവത്താക്കാം എന്നതായിരിക്കണം നമ്മുടെ ചിന്ത. നമ്മുടെ ജീവിതത്തിന് ഒരു മൂല്യമുണ്ടെന്നുള്ള തിരിച്ചറിവോടുകൂടി അതിനെ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്.
ആധുനികതയുടെ യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ നമ്മുക്കു വേണ്ടി ചെയ്തു തന്നിരുന്ന കാര്യങ്ങൾ എത്ര മഹത്തരമാണ്. സമയത്തെ അത്രമേൽ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ അവർക്കായതിന്റെ പ്രതിഫലമാണ് പുതിയ തലമുറയിലെ നമ്മുടെ സുഖലോലുപതയിലുള ജീവിതം.
പുതു വർഷത്തിന്റെ അനുഗ്രഹം വാങ്ങാൻ കാത്തു നിൽക്കുന്നവർ മാത്രമാകാതെ അനുഗ്രഹിക്കാനും, കരുതൽ നല്കാനും, സ്നേഹിക്കാനുമുള്ള ഹൃദയവിശാലത നമ്മിൽ വളർത്തിയെടുക്കാം. വാങ്ങുന്നവന്റെ കൈയ്യല്ല മറിച്ച് സമൃദ്ധിയായി കൊടുക്കുന്നവന്റെ കൈ ആകുവാനായി നമ്മുക്ക് ശ്രമിക്കാം. നാം മാറിയാൽ ഈ സമൂഹം മാറും അതു വഴി ഈ ലോകവും. അതു തന്നെയാകട്ടെ നമ്മുടെ പുതു വർഷ ചിന്തയും .
Anitta Mathew, Melandasseril