വർത്തമാനകാല ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ്, മനസ്സിനും, ശരീരത്തിനും ഉന്മേഷമേകാൻ സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര. അതും സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സ്ത്രീകൾ ഒരുമിച്ചാണെങ്കിൽ എത്ര മനോഹരമായിരിക്കും. ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ലേഡീസ് വിങ്ങ് ഒരുക്കിയ വനിതകൾക്കായുള്ള ഹൈക്കിംഗ്, ഒൺഡേറിയോയിലെ ഗോൾഫിൽ സ്ഥിതി ചെയ്യുന്ന റോക്ക് വുഡ് കൺസർവേഷനിലേക്കായിരുന്നു ചിരിച്ചും, ചിന്തിപ്പിച്ചും, മണ്ണിനെയും, പ്രകൃതിയേയും തൊട്ടറിഞ്ഞ യാത്ര.
ജൂൺ മാസത്തിലെ വേനൽ ചൂടിനെ വകഞ്ഞുമാറ്റി മന്ദമാരുതന്റെ കരലാളനങ്ങളേറ്റ് കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ,
തലേന്ന് പാതി പെയ്തു നിർത്തിയ മഴയോടുള്ള ധരിത്രിയുടെ പരിഭവം എന്റെ പാദുകങ്ങളിൽ പറ്റി ചേർന്നു നിന്നിരുന്ന നനഞ്ഞ മണ്ണിൽ നിന്നും ഞാനറിഞ്ഞു.
കാലാനുസൃതമായി രൂപപ്പെട്ട പാറക്കെട്ടുകളിലെ പായൽ ഗന്ധം ഞങ്ങളിലെ ഗൃഹാതുരത്വം ഉണർത്തി. നഷ്ടപ്പെട്ട ബാല്യവും, കൗമാരവും ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ല എന്ന യാഥാസ്ഥ്യം ഒരു നെടുവീർപ്പു കൊണ്ട് ആരോ ഒരാൾ പറയാതെ പറഞ്ഞു.
ചുറ്റുപാടുകൾ മറന്ന് യാന്ത്രികമായി ജീവിക്കുന്നവർക്കും, ബന്ധങ്ങളും, സൗഹൃദങ്ങളും നഷ്ടപ്പെട്ട് ഏകാന്തമായ പ്രവാസ ചിന്ത വേട്ടയാടുന്നവർക്കും ഇത്തരം യാത്രകൾ അനുഗ്രഹമാണ്
പുതിയ സൗഹൃദങ്ങൾ നേടിയെടുക്കുന്നതിനോടൊപ്പം തന്നെ.മാനസിക ഉല്ലാസത്തിന് വളരെയേറെ പ്രാധാന്യം നൽകി കൊണ്ട് ഇത്തരം ഒരു പരിപാടി തയ്യാറാക്കിയ GRMA Women’s Core Team അഗങ്ങളും, അതിനു നേത്യത്വം നല്കി മികച്ച രീതിയിൽ ഫല പ്രാപ്തിയിൽ എത്തിക്കുവാൻ പ്രയത്നിക്കുകയും ചെയ്ത കൺവീനർ അമ്യത സ്റ്റാലിൻ, രശ്മി നായർ എന്നിവരും പ്രത്യേകം അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു